പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (മൂന്നാം ഭാഗം)

ഞാനിതിവിടെ കുറിക്കുമ്പോൾ  നാടണയാൻ വെമ്പുന്ന അതും 203  രാജ്യങ്ങളിൽ നിന്നായി  4.20 ലക്ഷത്തിലധികം വിദേശ മലയാളികളും 1.5 ലക്ഷത്തോളം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമടക്കം 5.5 ലക്ഷത്തിലധികം പേർ  നോർക്കയിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞിരിക്കുന്നു. ഇതൊരു താല്കാലിക രജിസ്ട്രേഷൻ മാത്രമാണെന്നും നിലവിലുള്ള ഗുരുതര ഘട്ടം  കഴിഞ്ഞാലും ഗൾഫ് നാടുകളിൽ നിന്നും പലവിധ പ്രതിസന്ധികളാൽ ലക്ഷക്കണക്കായ മലയാളികൾ അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം നാട്ടിലെത്താൻ സാധ്യതയുണ്ടെന്നും  ലോക സാഹചര്യം വിളിച്ചു പറയുന്നു. കുറഞ്ഞത് 4 മുതൽ 6 ലക്ഷം പ്രവാസികൾ ഇക്കാലയളവിൽ തിരിച്ചു വന്നേക്കാം.  തൊഴിൽ രംഗത്തെ നൂതനാശയങ്ങളുടെ ഫലമായി പല മേഖലകളിലുമുള്ള ജോലികൾ ലോകത്തെവിടെയുമിരുന്ന് ചെയ്യാമെന്ന സാഹചര്യം നിലവിലുള്ളതിനാൽ ഒരു പക്ഷെ വികസിത രാജ്യങ്ങളിൽ നിന്നടക്കം അത്തരത്തിൽ ധാരാളം പേർ തിരികെ പോന്നേക്കാം. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് ചില വൻകിട മുതലാളിത്ത രാജ്യങ്ങൾ കൈക്കൊണ്ട തെറ്റായതും അഹന്ത നിറഞ്ഞതുമായ നിലപാടുകൾ മൂലം അനേകായിരങ്ങൾ അരക്ഷിതാവസ്ഥയിലാവുകയും  ദുരിതമനുഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ .
CDS-ന്റെ മൈഗ്രേഷൻ സർവ്വേ അനുസ്സരിച്ച് 2018-ൽ 14.6 ലക്ഷം തിരിച്ചു വന്ന പ്രവാസികൾ കേരളത്തിലുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.  1998 മുതൽ 2018 വരെയുള്ള കാലയളവിൽ 3 ലക്ഷം പേരുടെ തിരിച്ചു വരവാണ്  അധികമായി രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽത്തന്നെ 40 %പേരും വന്നത്  സൗദി അറേബ്യയിൽ നടപ്പിലാക്കിയ നിതാഖാത് നിയമംകർശ്ശനമായതോടെയായിരുന്നു.   ഈ തിരിച്ചു വരവ്  സമൂഹത്തിൽ ഒരളവുവരെ  പ്രതിസന്ധി  സൃഷ്ടിച്ചുവെങ്കിലും ആഴത്തിലുള്ള പ്രതിഫലനം ഉണ്ടായില്ല എന്നതാണ് അനുഭവം. മാത്രവുമല്ല, ഇക്കാലയളവിൽ വിദേശത്തേക്കുള്ള  ഒഴുക്ക് ശക്തമായി തുടർന്നതും അതിനൊരു കാരണമായി . 1998 - 2018 കാലയളവിൽ 7. 6 ലക്ഷം പേർ വിദേശത്തേക്ക് പുതുതായി കുടിയേറി. Workers Remittance എന്ന നിലയിൽ 1998 -ലെ 13,652 കോടി രൂപയിൽ നിന്നും  2018 ആയപ്പോഴേക്കും അത് 85,092 കോടി രൂപയായി ഉയരുകയും ചെയ്തു.

1990 കളിൽ ഗൾഫ് മേഖലയിൽ ഉരുണ്ടു കൂടിയ യുദ്ധ ഭീഷണി, സാമ്രാജ്യത്വ അധിനിവേശ ശ്രമങ്ങൾ , പിന്നാലെ വന്ന സ്വദേശവല്ക്കരണം, നിതാഖാത്ത് , പെട്രോ ഡോളറിൽ നിന്നുള്ള  വരുമാന നഷ്ടം എന്നിവ സംഭവിക്കുമ്പോഴെല്ലാം നാം പ്രവാസ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആകുലതകൾ പങ്കുവക്കാറുണ്ട്. എന്നാൽ അന്നത്തേതിൽ നിന്നുമൊക്കെ വിഭിന്നമാണ് ഇന്നത്തെ ലോക സാഹചര്യം.   കൊവിഡ് -19-ന് മുമ്പും അതിന് ശേഷവും എന്ന നിലയിലേക്ക് ലോക ചരിത്രം  തിരുത്തപ്പെടുമെന്ന് പല വിദഗ്ദരും രേഖപ്പെടുത്തിക്കഴിഞ്ഞു. ലോകക്രമത്തിലും രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക കാഴ്ചപ്പാടുകളിലും സമൂലമായ മാറ്റമാണ് പ്രതീക്ഷിക്കേണ്ടത്. യുദ്ധവും അധിനിവേശവുമാണോ അതോ , പ്രകൃതിയുടേയും മനുഷ്യന്റെയും ജീവജാലങ്ങളുടെയും സ്വസ്ഥവും ആരോഗ്യകരവുമായ നിലനില്‌പ്പാണോ പ്രധാനം എന്ന നിലയിലേക്ക് ചിന്തകൾ ഇപ്പോൾത്തന്നെ വഴിമാറിക്കഴിഞ്ഞു. എന്തിനെയാണ് പിൻതുടരേണ്ടതെന്നും ഏത് പാതയാണ് തെരഞ്ഞെടുക്കേണ്ടതെന്നുമുള്ള ആഴമേറിയ ചിന്തകൾ പങ്കുവക്കപ്പെടുന്നു. ഒരു പക്ഷെ നമ്മുടെ കേരളത്തെ,  നാം പിൻതുടരുന്ന ഐക്യബോധത്തെ  ജനങ്ങളോടുള്ള കരുതലിനെ ലോകം ഒരു റോൾ മോഡലായി അംഗീകരിച്ചേക്കാം.  ലോക കേരള സഭാംഗവും ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനുമായ  ഡോ. മുരളി തുമ്മാരുകുടി വിലയിരുത്തിയതുപോലെ ' ദുരന്ത ഘട്ടം വരുമ്പോർ ദീർഘ ദൃഷ്ടിയോടെ തീരുമാനങ്ങൾ എടുക്കുകയും കൃത്യമായി അത് നടപ്പിലാക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലേക്കാണ് ഇനിയുള്ള കാലം മൂലധനം ഒഴുകാൻ പോകുന്നത്. കേരളം ഈ ലിസ്റ്റിൽ ലോകത്ത് തന്നെ ഒന്നാമതെത്തുകയാണ്’ .
ഈ വാക്കുകൾ ഒട്ടും തന്നെ അവഗണിക്കാവുന്നതല്ല. കൊവിഡ് കാലത്ത് കേരളം കൈക്കൊണ്ടുവരുന്ന അതിജീവനമാർഗ്ഗങ്ങളും എല്ലാറ്റിനും മീതെ മനുഷ്യനാണ് പ്രഥമ പരിഗണനയെന്നുമുള്ള കാഴ്ച്ചപ്പാടും ലോകം തന്നെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അത്തരത്തിൽ എത്തുന്ന വാർത്തകൾ നമ്മെ ആവേശഭരിതരാക്കുന്നു. ലോകത്തിൽ ഏറ്റവും സുരക്ഷിതമായ പ്രദേശമാണിന്ന് കേരളം.

Comments

Popular posts from this blog

പ്രവാസി സ്വയം സഹായ സംഘങ്ങളുടെ പ്രസക്തി

പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (രണ്ടാം ഭാഗം)